Pages

Friday, 2 March 2012

പ്രദേശം

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ഇടുക്കി ബ്ളോക്ക് പരിധിയില്‍ വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാത്തിക്കുടി ഗ്രാമപഞ്ചായത്ത്. 80.90 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്‍റെ അതിരുകള്‍ കിഴക്ക് നെടുങ്കണ്ടം, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, തെക്ക് കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകള്‍, വടക്ക് കൊന്നത്തടി ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 1953-ല്‍ കൊന്നത്തടി, വാത്തിക്കുടി എന്നീ പ്രദേശങ്ങള്‍ അവിഭക്ത കോട്ടയം ജില്ലയിലെ ഉടുമ്പന്‍ചോല പഞ്ചായത്തിന്‍റെ 2-ാം വാര്‍ഡായിരുന്നു. വാത്തിക്കുടി വൈവിദ്ധ്യ സംസ്കാരത്തിന്റെ സങ്കലനഭൂമിയാണ്. ഇവിടത്തെ ഭൂരിഭാഗം ആളുകളും മീനച്ചില്‍, തൊടുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ നിന്നും 1950-60 കളില്‍ കുടിയേറിയ കര്‍ഷകരാണ്. ജാതിയ്ക്കും മതത്തിനും വര്‍ഗ്ഗത്തിനും അപ്പുറമായി വിശപ്പിന്‍റെ വിളിയില്‍ ഒരുമിച്ചു നിന്ന് നിലനില്‍പ്പിനായി പോരാടിയ ഒരു ജനതയാണ് വാത്തിക്കുടിയിലുള്ളത്. ഗോത്രസംസ്ക്കാരത്തില്‍ മികച്ച പൈതൃകം അവകാശപ്പെടാവുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വാത്തിക്കുടി. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഒരു പ്രദേശമാണ് ഇത്. പശ്ചിമഘട്ടത്തില്‍ ആനമുടിക്ക് തെക്കു പടിഞ്ഞാറായി കിടക്കുന്ന കുന്നും മലകളും പാറക്കെട്ടുകളും താഴ്വരകളും പുഴയോരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പഞ്ചായത്തിന്‍റെ വടക്കേ അതിര്‍ത്തിയില്‍ കൂടി കിഴക്കു നിന്നും പടിഞ്ഞാറോട്ടു ചിന്നാര്‍ പുഴ ഒഴുകുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്‍റെ പടിഞ്ഞാറുഭാഗം പെരിയാര്‍ നദിയും തെക്കുഭാഗം ഉപ്പുതോട് തോടും കിഴക്കു ഭാഗം നെടുങ്കണ്ടം, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയോടനുബന്ധിച്ചുള്ള മലയോര പാതകളുമാണ്. മേലേ ചിന്നാര്‍, ബഥേല്‍, ചെമ്പകപ്പാറ, ചിന്നാര്‍, പെരിയാര്‍വാലി എന്നീ പ്രദേശങ്ങള്‍ ചിന്നാര്‍ പുഴയുടെ തീരദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നു.